ഇക്കിച്ചാൻ പറഞ്ഞ കഥ; ഒരു നുണക്കഥപോലെ....... ജോണ്‍സണ് നസറത്ത് തെക്കതിൽ.

ഇക്കിച്ചാൻ പറഞ്ഞ കഥ; ഒരു നുണക്കഥപോലെ.......

''ഞാൻ പറയുന്നത് കേട്ടിട്ട് നീ പേടിക്കരുത് ......''
ഇക്കിച്ചൻ ഭയം കലർന്ന മുഖഭാവത്തോടെ പറഞ്ഞു .
''ഇല്ല.....''
''വിഷമിക്കരുത് ......''
''ഇല്ല .......''
രഹസ്യമാണ് പറയുന്നതെങ്കിൽ ഇക്കിച്ചന്റെ ശബ്ദം വളരെ താഴ്ത്തിയാണ് സംസാരിക്കുക.
അദ്ദേഹം പതുക്കെ പറയുന്നത് കേൾക്കാനായി ഞാൻ ചെവി കൂർപ്പിച്ചുപിടിച്ചു.
ഇക്കിച്ചൻ വളരെ പ്രായമുള്ളയാളാണ്. ഞങ്ങളുടെ പ്രദേശത്ത് ആരെങ്കിലും മരണപ്പെട്ടാൽ
മരിച്ചയാളുടെ ബന്ധുക്കളുള്ള ഇടവക പള്ളികളിൽ പോയി മരണമണി അടിപ്പിക്കുക
മറ്റുള്ളവരിലേക്ക് മരണവാർത്തയെത്തിക്കുക,
മരിച്ചയാളിനു പറ്റിയ നീളത്തിലും വീതിയിലും ശവപ്പെട്ടി വാങ്ങിക്കൊണ്ടു വരിക,
മരിച്ചയാളിന്റെ അളവിൽ പുതുവസ്ത്രങ്ങൾ തുന്നിച്ചു വാങ്ങിക്കുക
സെമിത്തേരിയിൽ കുഴി വെട്ടിയുണ്ടാക്കുക,കൊംബ്രിയ വസ്ത്രം ഉടുത്തു കുരിശുമെടുത്തു
വിലാപയാത്രയുടെ മുന്നേ പോകുക,
മരണാനന്തര ചടങ്ങുകൾ കഴിഞ്ഞാൽ കുഴി മൂടുക
എന്നീ ജോലികൾ പ്രത്യേകിച്ച് ആരും പറയാതെതന്നെ സ്വന്തം കർത്തവ്യമായി സ്വയം ഏറ്റെടുത്തു
കൃത്യമായി ചെയ്യുന്ന ഒരു നല്ല മനുഷ്യൻ.
അദ്ദേഹത്തിന് മക്കളും മക്കളുടെ മക്കളുമുണ്ട്.
ഇത്തരം മരണ കാരണമായ പരിപാടികളില്ലാത്തപ്പോൾ അഷ്ടമുടി കായലിൽ
കൊച്ചുവള്ളത്തിലേറി കോരുവലയുമായി മീൻ പിടിക്കാൻ പോകും.
കായലിൻറെ ഓളപ്പുറത്തുകൂടെ ഒറ്റത്തടിയിൽ തീർത്ത കൊതുമ്പു വള്ളം
തുഴയെറിഞ്ഞ് മുന്നോട്ട് നീങ്ങുമ്പോൾ തുഴയുടെ താളത്തിൽ
ഇക്കിച്ചൻ പാടുമായിരുന്നു:
''മട്ടിലെന്നെ മയിക്കിടാതെ മുട്ടുകുത്തടി കള്ളീ ......
..........................................................................................''
ഇപ്പോൾ ഇക്കിച്ചൻ തീരെ അവശനാണ്. പ്രായം എമ്പത് കടന്നിരിക്കുന്നു.
എങ്കിലും നടന്നു പോകാവുന്നിടത്തൊക്കെ പോകും.നടക്കുമ്പോൾ വെയിലോ മഴയോ വന്നാൽ
നിവർത്ത് പിടിക്കാനും നടക്കുമ്പോൾ തറയിൽ ഒന്ന് ഊന്നാനുമായി ചുരൽ പിടിവളച്ചുള്ള
ഒരു കാലൻ കുട ഷിർട്ടിന്റെ പിന്നിലെ കോളറിൽ തൂക്കിയിട്ടാണ് നടക്കുക.
കഴുത്തിൽ നിന്ന് വയറിന്റെ ഭാഗം വരെ ഷെർട്ടിനു മുകളിലൂടെ
ഒരു ബെന്തിങ്ങയോ കൊന്തയോ ധരിച്ചിരിക്കും.
അടുത്ത കാലത്തായി പഴയതുപോലെ കുഴി വെട്ടാൻ കഴിയുന്നില്ല.
മാത്രവുമല്ല മക്കൾ പഴയതുപോലെ പണിയെടുക്കാൻ അനുവദിക്കുന്നില്ല.
അതിനാൽ പഴയ കാലങ്ങളുടെ ഓർമ്മചെപ്പുകളുമായി വഴിയെ നടക്കുമ്പോൾ
പരിചയക്കാരോട് കുശലം പറയുന്നതിലാണ് സന്തോഷം കണ്ടെത്തുന്നത്......
അന്ന് വൈകുന്നേരം ഞാൻ ഇക്കിച്ചനെ കണ്ടുമുട്ടി:
കണ്ടച്ചിറയിലെ വിശുദ്ധ തോമാശ്ലീകായുടെ പള്ളിയിലെ -
മിഖായേൽ മാലാഖ വാളുമായി സാത്താനെ വെട്ടുന്ന ഒരു ശിൽപം ഉയർന്നു നിൽക്കുന്ന
- സെമിത്തേരിയുടെ കവാടത്തിനു മുന്നിൽ.
സെമിത്തേരിക്കുള്ളിലേക്കു നോക്കി ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നു.
സെമിത്തേരിയുടെ കിഴക്കായി കാണുന്ന ഗാഗുൽത്താ മലയും ക്രൂശിത രൂപവും
അതിനു ചുവടെയിരുന്നു കരയുന്ന മഗ്ദേലേന മറിയത്തിന്റെ ശിൽപത്തിലും
നോക്കി നിന്ന് അദ്ദേഹം പ്രാർ ത്ഥി ക്കുന്നു.
കൂപ്പിപ്പിടിചിരിക്കുന്ന കൈത്തണ്ടയിൽ 'കാലൻ കുട' തൂക്കിയിട്ടായിരുന്നു നിൽപ്പ്.
ഞാൻ അദ്ദേഹത്തിൻറെ അടുത്തേക്ക് നടന്നു ചെന്ന് കുശലം പറഞ്ഞു.
എന്നെ കാണുന്നതും കൊച്ചു വർത്തമാനങ്ങൾ പറയുന്നതും
ഇക്കിച്ചാനു വലിയ സന്തോഷമാണ്.
എന്നെ കണ്ടയുടെൻ പ്രാത്ഥന അവസാനിപ്പിച്ചു നെറ്റിയിൽ കുരുശുവരച്ചു.
എന്നെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു.
''എന്തുണ്ട് മോനെ വിശേഷം. നിന്നെ കണ്ടിട്ട് കൊറച്ചു കാലമായല്ലോ,
നിനക്ക് സുഖമാണല്ലോ .......?''
ഞാൻ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞു.
ഞങ്ങൾ രണ്ടാളും പതിയെ നടന്ന് തോമാശ്ലീകായുടെ മണിമാളികയുടെ മുന്നിലെത്തി.
അദ്ദേഹം പഴയ കാര്യങ്ങളും അദ്ദേഹത്തിൻറെ ജീവിതത്തിലെ മറക്കാൻ
കഴിയാത്ത അനുഭവങ്ങളും പറഞ്ഞുകൊണ്ടിരുന്നു.
''ഞാൻ പറയുന്നത് കേട്ടിട്ട് നീ പേടിക്കരുത് ......''
ഇക്കിച്ചൻ ഭയം കലർന്ന മുഖഭാവത്തോടെ പറഞ്ഞു .
''ഇല്ല.....''
''വിഷമിക്കരുത് ......''
''ഇല്ല .......''
"നീ ബോംബയില് പോയി അവിടുത്തെ ലഹള കാരണം വണ്ടിയില്ലാതിരുന്നപ്പോഴാണല്ലാ
നിൻറെ അപ്പൻ ലൂക്കാച്ചൻ മരിക്കുന്നത്.
'മരിക്കുന്നത്' എന്ന് പറയുകയല്ല മരിപ്പിക്കുന്നത്."
"ങേ ...., " ഞാനൊന്ന് ഞെട്ടിയിട്ടുണ്ടാവും......
ഇക്കിച്ചാൻ തുടർന്നു .......
"ഇതാ ഞാൻ പറഞ്ഞത്, ''ഞാൻ പറയുന്നത് കേട്ടിട്ട് നീ പേടിക്കരുത് ......
ഇതു എനിക്ക് നിന്നോട് പറയാതിരിക്കാം......
നിന്നോടിതു പറഞ്ഞില്ലങ്കിൽ നിൻറെ മുന്നില് പലരും നല്ലപിള്ള ചമയും .
പലരും നിന്നെ മൊതലാക്കാൻ നടക്കുകയാ. അതറി ഞ്ഞുകേട്ട് നീ ജീവിക്കണം......
എന്നാലെ എനിക്കൊരു മന:ശാന്തിയുണ്ടാകൂ .........നിൻറെ മൂത്ത ചേട്ടനും അന്നിവിടില്ല.
സൗദി അറബ്യയിലായിരുന്നല്ലോ.
അവനു വരാനുള്ള വിമാനം മൂന്ന് ദെവസ്സം കഴിഞ്ഞാണ് ശരിയായത്.
നിനക്കുള്ള പെങ്ങൾക്കാണേൽ കാർളോസ്സിനെ മറുത്തൊന്നും ഉരിയാടാനൊക്കൂല്ലല്ലോ ....
കാർളോസ്സും നിൻറെ പെങ്ങളും മാത്രമല്ലേ കുടുംബത്തുണ്ടായിരുന്നത്.
ലൂക്കാചനു സുഖമില്ലാതെ കെടപ്പിലായപ്പോ നോക്കാനും കാണാനും ആരും മെനക്കെട്ടില്ല...
കെടക്കുന്നിടത്തു തന്നെ തൂറുകേം പെടുക്കുകേം ചെയ്തത്....
വല്ലപ്പോഴും നിൻറെ പെങ്ങളെന്തെങ്കിലും കൊടുത്താലായി...
വല്ലപ്പോഴും കിടപ്പുമുറി ഒന്ന് വൃത്തി യാക്കും..
കാർളോസ്സിനു അതൊന്നും മനസ്സിന് പിടിക്കില്ലായിരുന്നു....
" കെളവന് ശാപ്പാടും വെള്ളോം കൊടുത്താൽ പുരക്കകം മൊത്തം തൂറീം പെടുത്തും വൃത്തികേടാക്കും...."
കാർളോസ്സു പലപ്പോഴും അങ്ങനെയാണ് പറഞ്ഞിരുന്നത്....
മരണ ദെവസ്സം നിങ്ങൾ രണ്ടാന്മാക്കളും നാട്ടിലില്ലാതെ പോയി .....
ലൂക്കാച്ചാന്റെ ഗതികേട്......
അന്ന് ലൂക്കാച്ചനെ അടക്കിയ ദിവസ്സം ഭയങ്കര മഴയായിരുന്നു.
പ്രേതം പള്ളീലോട്ടു കൊണ്ട് വരുമ്പം മഴ ശമിച്ചിരുന്നു .
എന്നാൽ കുർബാനയും കഴിഞ്ഞു പള്ളീന്ന് സെമിത്തേരിയിലെത്തി
അച്ഛൻ കുഴിയോദിപ്പോയപ്പോൾ പിന്നയും മഴയും കാറ്റും പഴയതിലും ശക്തിയായി.
കുടപിടിച്ചാലും ആർക്കും നില്ക്കാൻ പറ്റുന്നില്ല.
എല്ലാവരും പൂവും മണ്ണും കുഴിയിലേക്ക് നുള്ളിയെറിഞ്ഞിട്ടു പോയിക്കഴിഞ്ഞു.
ഞാനല്ലേ കുഴിവെട്ടിയതു. അത് മൂടുന്നതും എൻറെ കടമയല്ലേ.....
ഞാനും ലൂക്കായുടെ മൂത്ത മരുമോൻ -നിന്റെ അളിയൻ- കാര്ളോസ്സും മാത്രമായി.
കാർളോസ്സു ഒരു കൊടയുമ്പിടിച്ചു കുഴിയുടെ കരയില് നിന്നു.
നിൻറെ പെങ്ങളു കരഞ്ഞും അലമുറയിട്ടും അവിടെ നിന്നതാ...
കാര്ലോസ്സു വഴക്കുപറഞ്ഞപ്പോൾ ആരൊക്കെയോ ചേർന്ന് അവളെ വീട്ടിലേക്കു കൊണ്ടുപോയി .
" നേരം ഇരുട്ടാരായി...ഇക്കിച്ചാ, കുഴി മൂട്...." കാർളോസ്സു എന്നോട് പറഞ്ഞു.
ഞാൻ കുഴി മൂടാനായി ഒരു മങ്കൊരി എടുത്ത് മണ്ണു നെരക്കി
ശവപ്പെട്ടിക്കു മേലേക്കിട്ടു. പെട്ടെന്ന് കുഴിയുടെ ഒരു വശത്തുനിന്നും മണ്ണിടിഞ്ഞു താഴേക്കു വീണു!
ശവപ്പെട്ടിയുടെ മൂടി കെട്ടിയിരുന്ന കയറിനു ബലക്കുറവായിരുന്നു.
മൂടിയുടെ വശത്തായി നനഞ്ഞ മണ്ണ്  വീണയുടൻ പെട്ടിയുടെ ഒരു വശത്തേക്ക് മേമൂടി തെന്നി മാറി.
പ്രേതത്തിന്റെ തല ഭാഗം പുറത്തേക്കു തെളിഞ്ഞു..........
'കാർളോസ്സേ ........'
പെട്ടിക്കുള്ളിൽക്കിടന്നു ലൂക്കാച്ചാൻ വിളിക്കുന്നപോലെ എനിക്ക് തോന്നി.....
ഞാൻ ജഡത്തിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി......
അതേ, ലൂക്കാച്ചാന്റെ തല അനങ്ങുന്നതു പോലെ....ചുണ്ടുകൾ വിറയ്ക്കുന്നപോലെ....!.....
കണ്ണുകൾ പാതി തുറന്നിരിക്കുന്നു....
മൂക്കിന്റെ ഉള്ളിലേക്കിരുന്ന ഉണ്ടപ്പഞ്ഞി ശ്വാസം തട്ടി ചലിക്കുന്നതു പോലെ ......!...!...
ലൂക്കാച്ചൻ മരിച്ചിട്ടില്ല !......!.......!
'കാർള്ലോസ്സേ ......നിങ്ങളെല്ലാരുംകൂടി എന്നെ കൊല്ലുകയാണോ.....
ഇക്കിയേ..., മണ്ണിടാതെടാ....ഞാൻ ചത്തിട്ടില്ല....!!!!!!....'
പെട്ടെന്ന് ഞാൻ കാർളോസ്സിനെ നോക്കി.
കാർളോസ് എന്നേയും കുഴിയിൽ പെട്ടിയിൽ കിടന്നു തേങ്ങുന്ന ലൂക്കാചചനേയും മിഴിച്ചു നോക്കി..!!.....??..
മഴയും കാറ്റും കൂടിക്കൂടി വന്നു.
കാർളോസ് അടുത്തുള്ള ഒരു കല്ലറയുടെ പുറത്തേക്കു തളർന്നവനെപ്പോലെ തലകുമ്പിട്ടിരുന്നു....
'......കാർളോസ്സ്....നീ മാറിയിരുന്നാലെങ്ങനാ......എല്ലാവരേയും വിളിക്ക് ലൂക്കാച്ചാനെ പൊറത്തെടുക്ക്....
മഴവെള്ളം കുഴിയിൽ നിറയുന്നു.....
അല്ലെങ്കിൽ നീ കൂടി കുഴിയിലെറങ്ങ്...നമുക്ക് രണ്ടാക്കുംചേർന്നു ലൂക്കാച്ചാനെ പെട്ടീന്നെടുക്കാം....
നേരം ഇരുട്ടുന്നു.... വരൂ....അയ്യയ്യോ ...കുഴിയിൽ വെള്ളം നിറയുന്നു.....
അല്ലേൽ ഞാൻ മേടയിൽ പോയി അച്ഛനെക്കൂടി വിളിക്കാം.... '
''വേണ്ടാ.......''
അത് കാര്ളോസ്സിന്റെ ഒരലർച്ചയായിരുന്നു...കാർളോസ്സ് പിടിച്ചിരുന്ന കുട കോപത്തോടെ ദൂരേക്ക്‌ വലിച്ചെറിഞ്ഞു... ‌
പെട്ടെന്നയാൾ എന്നെ ക്രൂദ്ധമായി നോക്കി.....ഒരു പിശാചിനെപ്പോലെ...
എൻറെ കയ്യിലിരുന്ന മങ്കോരി പിടിച്ചുവാങ്ങി ......അയാളുടെ ശ്വാസ ഗതി വളരെ വേഗതയിലായിരുന്നു...
ഒരു വേട്ടപ്പട്ടി കിതയ്ക്കുംപോലെ.....
''ഞാനിതു ചെയ്യും....ഇനിയും ഈയാളിനെ നോക്കാൻ കഴിയില്ലാ .....
നാട്ടുകാരുടെ മുന്നിൽ ഇയാൾ ചത്തുപോയി .......
ഇക്കിചാൻ ആരോടും പറയരുത്. പറഞ്ഞാൽ........''
അയാൾ കിതപ്പോടെ കുഴിയിലേക്ക് മണ്ണ് നിറക്കാൻ തുടങ്ങി....
"കാർളോസ്സേ .......ഇക്കിയേ......." ലൂക്കാച്ചാൻ പതിഞ്ഞ ശബ്ദത്തിൽ വിളിക്കുന്നുണ്ടായിരുന്നു......
ദയനീയമായ ആ വിളി മണ്ണിനടിയിലേക്ക് അകന്നു പോയി......
കുഴിയുടെ പകുതിയിൽ കൂടുതൽ മണ്ണ് നിറച്ചിട്ട്‌ കാര്ളോസ് തളർന്നിരുന്നു.
ഞാൻ മങ്കൊരിയെടുത്തു മണ്ണ് നിറക്കാൻ തുടങ്ങി ......എൻറെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു .....
നാവനക്കി ഒന്ന് ഉരിയാടാൻ ശക്തി നഷ്ടപ്പെട്ടതുപോലെ ......
ഞാനും ഏതോ പ്രേതം കൂടിയവനെപ്പോലെ യാന്ത്രികമായി കുഴിയിലേക്ക് മണ്ണ് തള്ളുകയായിരുന്നു....
അപ്പോൾ ത്രിസ്സന്ധ്യാമണി മുഴങ്ങുന്നുണ്ടായിരുന്നു.......
ഞാൻ കുരിശു വരച്ച് പ്രാർത്ഥിച്ചു.......
വിശുദ്ധ തോമാശ്ലീകായുടെ സ്വരൂപമിരിക്കുന്ന മണിമാളികയുടെ മുകളിൽ
കിഴക്കോട്ടും പടിഞ്ഞാറോട്ടും ഉച്ചസ്ഥായിയിൽ ആടിയടിക്കുന്ന
മണിയുടെ നാദം അന്ന് വളരെ പതിയെ ശോകമായ ഒരു സ്വരം മുഴക്കുന്നതുപോലെ തോന്നി .......
അപ്പോഴും മഴ ചന്നം പിന്നം പെയ്യുന്നുണ്ടായിരുന്നു...................

Write a comment ...

JOHNSON NAZARETH Thekkathil Makutam

Show your support

550

Write a comment ...